ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

February 18, 2011

"കാത്തിരിപ്പുണ്ട്.. ചില വന്‍കെണികള്‍ !"

മൂന്ന് ലക്ഷത്തി അമ്പതിനായിരം യുറോ അത്ര മോശപ്പെട്ട ഒരു സംഖ്യയൊന്നുമല്ല..
എങ്ങിനെ ഹരിച്ചു കിഴിച്ച് ഗുണിച്ചു  കൂട്ടിയാലും ഇന്ത്യന്‍ രൂപ  രണ്ടേക്കാല്‍ കോടിക്ക് മേലെ വരുമെന്ന കാര്യത്തില്‍ ഒരു പോലീസ്കാരനും സംശയതിന്നിടയുമില്ല,  സംഗതി എന്താണെന്നല്ലേ!പറയാം  ഇക്കഴിഞ്ഞ ജനുവരി 28 നാണ് എന്നെകൂടി കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് കൈപിടിച്ചുയര്‍ത്താനായി നമ്മുടെ ഫേസ്ബുക്ക് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സി. ഇ. ഒ. മിസ്റ്റര്‍:  ലാറി പാകോയുടെ വകയായി സന്തോഷ വിവരം അറിയിച്ചു കൊണ്ടുള്ള ആ മെയില്‍ എനിക്ക് കിട്ടിയത്..
മെയില്‍ താഴെ കാണാം ..
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂലംകുത്തി ഓഴുകിയ ആനന്ദാശ്രുക്കളാല്‍ എന്‍റെ കണ്ണുകള്‍ മൂടപ്പെടുകയും ആനന്ദവീചികളാല്‍ ചെവികള്‍ കൊട്ടിയടക്കപ്പെടുകയും പരമാനന്ദം തൊണ്ടയെ ബാധിച്ചതിനാല്‍ മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്തു.

ഈ സ്റ്റാര്‍ വിന്നര്‍ പ്രൈസിന് എന്നെക്കാള്‍ അര്‍ഹതയുള ഏതെങ്കിലും തൊരപ്പന്മാര്‍ കുഴിബോംമ്പോ അല്ലെങ്കിവേണ്ട ഒരു സാധാ  മെയില്‍ ബോംബെങ്കിലും വെച്ചെങ്കിലോ എന്ന അതിഭയങ്കരമായ ഭയപ്പാടിനാല്‍ വിവരം കൂടെകിടക്കുന്നവള്‍ പോലും അറിയാതെ ഞാന്‍ പരമരഹസ്യമായി സൂക്ഷിക്കുകയും വേണ്ടപ്പെട്ട രേഖകള്‍ ഒട്ടും സമയം കളയാതെ അതിലും രഹസ്യമായി  അയച്ചുകൊടുക്കുകയും ,  അതോടൊപ്പം മെയിലില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് രണ്ടു മിസ്സ് കോള്‍ വിടുകയും ചെയ്തുകൊണ്ട് മറുവിളിക്കും മറുപടിക്കുമായി  വേഴാമ്പലിനെ പോലെ കാത്തിരുന്നു, 
എന്റെ കണക്കുകൂട്ടലിന് പിഴവ് വരുത്താതെ കൃത്യനിഷ്ടയുടെ കാര്യത്തില്‍ താന്‍ ഒരു പണത്തൂക്കം മുമ്പിലാണെന്ന് അറിയിച്ചുകൊണ്ട് ലാറി പാകോയുടെ വിളി അഞ്ചു നിമിഷത്തിനകം എന്‍റെ മൊബൈലില്‍ എത്തിചേര്‍ന്നു  ഞാന്‍ ചെക്ക് കൈപറ്റാനായി തുടര്‍ന്ന് ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് ഉടനെ മെയില്‍ അയക്കുന്നതാണെന്ന് അദ്ദേഹം പാറയില്‍ കല്ലുരക്കുന്ന ശബ്ദത്തില്‍ അരുളിചെയ്തത് എനിക്ക് കുയില്‍ നാദം പോലെയാണ് കാതില്‍ വീണത്‌.
അതോടെ മനസ്സിലേക്ക് കടന്നുകയറ്റം നടത്തിയ ഈ കോടികള്‍ എപ്പോ കിട്ടും? എത്ര കിട്ടും?  എങ്ങിനെ കിട്ടും? എവടെ കിട്ടും?  എന്ന് തുടങ്ങിയ സംശയങ്ങളുടെ ഒരൊന്നൊന്നര കൂമ്പാരം നിവാരണം ചെയ്യാനായി ഞാന്‍ പത്തു മിനിറ്റുകള്‍ ഇടവിട്ട്‌ മിസ്റ്റര്‍ ലാറിക്ക് മിസ്കീന്‍ കോള്‍ ചെയ്യുകയും (ഈ വിളികള്‍ക്ക് പിന്നിലൊരു കഥയുണ്ട് അത് വഴിയെ പറയാം) വളരെ കൃത്യനിഷ്ഠതയോടെ എല്ലാ തവണയും അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു ,  എനിക്ക് ചെക്ക് കൈമാറാനുള്ള എന്‍റെ ആരുമല്ലാത്ത ആ പത്തരമാറ്റ് തങ്കത്തില്‍ പൊതിഞ്ഞ മഹാന്‍റെ അതിനിതാന്തമായ അര്‍പ്പണബോധവും അത്യുല്‍കൃഷ്ടമായ ആത്മാര്‍ഥതയും കണ്ട്രാസത്തില്‍ കുണ്ട്രാസവും മറ്റും അനുഭവിച്ചറിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും പത്തു മിനിറ്റുകള്‍  ഇടവിട്ട്‌ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ ഊറിവന്നുകൊണ്ടിരുന്നു .

എന്നാല്‍  രാത്രിഉറക്കം കളഞ്ഞു  ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാനിരുന്നാല്‍ പിറ്റേന്ന് വെള്ളത്തില്‍ വീണ കോഴിയെപ്പോലെ ഓഫീസില്‍ തൂങ്ങിപ്പിടിച്ചു ഇരിക്കേണ്ടി വരുമെന്നറിയാവുന്നത്കൊണ്ട്  പിറ്റേദിവസം  പതിവുള്ള ഉച്ചയുറക്കം ഒഴിവാക്കി ആ സമയം മുഴുവന്‍ രണ്ടേക്കാല്‍ കോടി കയ്യില്‍ എത്തിച്ചേര്‍ന്നാല്‍ കാട്ടികൂട്ടേണ്ടതായ ആര്‍മ്മാദകരമായ കാര്യങ്ങളെ കുറിച്ച്  ഉച്ച സ്വപ്നം കാണുകയും  ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ആയിരുന്നു,  അങ്ങിനെ അഗാതമായ ചിന്തകളുടെ അനന്തര ഫലമായി ഉരുത്തിരിഞ്ഞു കിട്ടിയ ചില പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി വളരെ വേണ്ടപ്പെട്ട നിലയില്‍ പണികൊടുക്കെണ്ടതായ ചില തങ്കപ്പെട്ട സ്വഭാവമുള്ള ആളുകളുടെയും , പിന്നെ മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ" "ക്ര" "ശ്ച" "മ്മ"  എന്നൊക്കെ വരപ്പിക്കേണ്ട കുറെ മത്തങ്ങാ തലയന്മാരുടെയും ഒരു ലീസ്റ്റ് മനസ്സില്‍ കുറിച്ചിടുകയാണ് ആദ്യം ചെയ്തത്  ശേഷം  ചെക്ക് കൈപ്പറ്റിയാല്‍ ഉടനെ കമ്പനിയില്‍ കൊടുക്കാനായി റിസൈന്‍ ലെറ്റര്‍ എഴുതി റെഡിയാക്കി വെച്ചു ,നാട്ടില്‍   പണി നടന്നുകൊണ്ടിരിക്കുന്ന വെറും പതിനഞ്ചു ലഷ്കം ഉലുവേടെ തുക്കട കൂതറവീട്  അടിയോടെ തട്ടി മിനിമം ഒരു കോടിയുടെ ഒരു വീടിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കൂടി  ചെയതുകഴിഞ്ഞപ്പോള്‍ മനസ്സിനു അല്‍പം ആശ്വാസമായി. (ഒരു പ്രവാസിമലയാളി എന്ന നിലക്ക് എനിക്കും ഒരു ബഡാ ഭവനമാണല്ലോ സര്‍വ്വ ധനാല്‍ പ്രധാനം) 
തൊട്ടടുത്ത ദിവസം  എന്‍റെ മെയിലിനു കിട്ടിയ മിസ്റ്റര്‍ ലാറി പെകോയുടെ മറുപടിക്കൊപ്പം കിട്ടിയ അപേക്ഷാ ഫോറം താഴെ..

എന്‍റെ കോടിയുടെ ഫണ്ട് വെസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ് എന്ന ബേങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു അത് അവിടെനിന്നും എന്‍റെ ബേങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാന്‍ വിവരങ്ങള്‍ പൂരിപ്പിച്ചു അയക്കണമെന്നും മെയിലിന്‍റെ രത്നച്ചുരുക്കം.
അതിനും ഒരു മിനിട്ട് പോലും വൈകിക്കാതെ ക്ഷടെന്നു ഞാന്‍ മറുപടി അയച്ചു, കോടികളുടെ കൈകാര്യമല്ലേ എന്‍റെ അനാസ്ഥ കൊണ്ട് ലാപ്സാവരുതല്ലോ? 
എന്തിനേറെ പറയുന്നു ഈ ലാറി പെകൊയുടെ ഒരു കാര്യം! ഒരു ചായകുടിച്ചു കഴിയുമ്പോഴേക്കും അയച്ചതിന്‍റെ മൂന്നര ഇരട്ടി സ്പീഡില്‍ മറുപടി കിട്ടി, കൂട്ടത്തില്‍ ബേങ്ക്‌ ചെയര്‍മാന്‍ ലോപസ് മാര്‍ട്ടിന്‍റെ വക നിര്‍ദേശവും  അവരുടെ ബേങ്കില്‍ താല്‍ക്കാലിക അക്കൌണ്ട് തുടങ്ങാനുള്ള നമ്പറും പാസ്‌വേഡും ബേങ്കിന്‍റെ സൈറ്റ്‌ അഡ്രസും കൂടെ..
ക്യുരിയോസിറ്റി കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊത്തന്നെ ബേങ്ക് സൈറ്റില്‍ കയറി അക്കൌണ്ട് ഓപ്പണ്‍ ചെയ്തു , ആഹഹ..
എന്‍റെ പേരില്‍ അക്കൌണ്ട് റെഡി, അക്കൌണ്ടില്‍ രണ്ടരലക്ഷം യുറോ റെഡി, യുറോ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷന്‍ റെഡി..മണി കൈപറ്റാന്‍ ഞാനും റെഡി ..പിന്നെ എന്തിനു  മടിച്ചു നില്‍ക്കണം !

 മൌസ് റെഡിയാക്കി മണി ട്രാന്‍സഫര്‍ ഓപ്ഷനില്‍ ക്ലിക്കിയതും മണി അതാ നീലനിറത്തില്‍ ഒരു ലൈനായി എന്റെ അക്കൌണ്ടിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നു..ആഹഹ.. ഓഹോഹോ.. മേലാസകലം കുളിര് കോരിയിടുന്ന സുന്ദരമായ; നയനാനന്ദകരമായ കാഴ്ചക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കെ ...പെട്ടെന്ന് ആ ഒഴുക്ക് തടയണ കെട്ടിയത് പോലെ നിലച്ചു ,പിന്നെ അവിടെ എക്സ്ചേഞ്ച് കോഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു പുതിയ വിന്‍ഡോ പൊങ്ങിവന്നു. ഞാന്‍ ഉടനെ ലാറിക്ക് മിസ്കീനടിച്ചു, അടുത്ത സെക്കന്റില്‍ മറുവിളി എത്തി , എക്സ്ചേഞ്ച് കോഡ് എങ്ങിനെ ലഭിക്കുമെന്ന് ഉടനെ മെയിലും കിട്ടി, അതുവരെ മിനക്കെട്ടതിനു കാര്യമുണ്ടായി എന്ന് സാരം എന്താണോ പ്രതീക്ഷിച്ചത് അതുതന്നെ..

രണ്ടേകാല്‍ കോടി ലഭിക്കാനുള്ള കോഡിനു മുടക്കേണ്ടത് വെറും ആയിരത്തി അഞ്ഞൂറ്റി അമ്പതു  യുറോ അഥവാ ഒരു ലക്ഷം രൂപ മാത്രം,  അത് കല്ലിവല്ലി എന്ന് കരുതി അയച്ചു കൊടുക്കാന്‍  കയ്യില്‍ സാധനം  വേണ്ടേ ! അത് കൊണ്ട് ഞാന്‍ വീണ്ടും മിസ്റ്റര്‍ ലാറിയെ മിസ്സടിച്ചു വിളിപ്പിച്ചു വിവരം പറഞ്ഞു ,  അത് വരെ എന്നെ വിളിക്കാന്‍ എന്ത് ചിലവായി എന്ന കാര്യവും ചോദിച്ചറിഞ്ഞു ,പത്തു ഡോളറോളം എന്ന മറുപടി കേട്ടപ്പോള്‍ വിഷമം തോന്നി മിനിമം ഒരു അമ്പതു ഡോളറിന്റെ പണിയെങ്കിലും കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഒരു പാട് സംശയങ്ങള്‍ ചോദിച്ചു മിസ്സടിച്ചു വിളിപ്പിച്ചത് ലക്‌ഷ്യം കണ്ടില്ലല്ലോ എന്ന വിഷമം, പിന്നെ ഞങ്ങള്‍ ഇന്ത്യന്‍സിനെ കുറിച്ച് പ്രത്യേകിച്ച് മലയാളീസിനെ കുറിച്ച് ആയാള്‍ക്കു എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ തിരുത്തിക്കൊള്ലാനും ഇതിലും കൂടുതല്‍ കോളുകള്‍ വിളിപ്പിച്ചും മറ്റുമായി പണിതരാന്‍ എന്നെക്കാള്‍ മിടുക്കരായവര്‍ ഒരു പാട് പേര്‍ ന്യൂ ജനറഷനില്‍ കാണുമെന്ന മുന്നറിയിപ്പും വെച്ച് കീറി കൊടുത്തു, കൂട്ടത്തില്‍ അപ്പോള്‍ നാവിന്‍ തുമ്പില്‍ എത്തിയ പച്ച മലയാളത്തിലുള്ള ഒരഞ്ചാറ് @*#@ കൂടി പറഞ്ഞുകഴിഞ്ഞപ്പോള്‍ മന്സ്സിനെന്തോ പറഞ്ഞറിയിക്കാനാവാത്തോരു ആശ്വാസം അനുഭവപ്പെട്ടു ..

ഈ കോന്തപ്പന്മാര്‍ നമ്മളെ ക്കുറിച്ച് എന്ത് മാങ്ങാത്തൊലിയാണാവോ ധരിച്ചുവെച്ചിരിക്കുന്നത്?  മൂന്നര ലക്ഷം യുറോ എന്ന് കേള്‍ക്കുമ്പോഴേക്കും മൂക്കും കുത്തി വീഴുമെന്നോ?
അവന്മാരുടെ അമ്മൂമ്മമാരെ കെട്ടിക്കാനുള്ള കൂടോത്രോം കുന്ത്രാണ്ടോം പഠിച്ചു ഡിഗ്രി എടുത്തവരാണ് ഞമ്മളെന്ന കാര്യമുണ്ടോ ഈ എമ്പോക്കികള്‍ അറിയുന്നു!. ഈ പരനാറികളായ കാലമാടന്മാര്‍ പണ്ടാറമടങ്ങിപ്പോട്ടെ എന്ന ഒരു ഉഗ്രശാപം ഞാന്‍  കൊടുക്കുന്നു ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടെ, അല്ല പിന്നെ .
പിന്‍കുറിപ്പ് : ഇതുവരെ ഇക്കാര്യം വായനാ സുഖത്തിനായി ഒരല്‍പം നര്‍മ്മം കലര്‍ത്തി പറഞ്ഞെങ്കിലും  ഈ പോസ്റ്റിനു പിന്നില്‍ മറ്റൊരു ചെറിയ ഉദ്ദേശവും കൂടിയുണ്ട്.

ഇരുപത്തിഒന്നാം നൂറ്റാണ്ടെന്ന കലികാലത്തിലും വല്യേതായ ഈ കാലത്ത് കപ്പല്കണക്കിന് മില്യന്‍റെ അഴിമതിനടത്തുന്ന ചതിയന്മാരും, തല്ലിക്കൊന്നായാലും കാര്യം സാധിക്കാന്‍ മടിക്കാത്ത സ്ത്രീ ലമ്പടന്മാരും അവരുടെ പിണിയാളുകളായ കൂട്ടിക്കൊടുപ്പുകാരും, അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന രാഷ്ട്രീയ; വര്‍ഗീയ ഹിജഡകളായ വമ്പന്‍ ഗുണ്ടകളും , രാജ്യത്തിന്‍റെ നിയമസംഹിതകളെപ്പോലും തകിടം മറിച്ച് നാടിനെ കുട്ടിച്ചോറാക്കുന്ന പക്കാ ക്രിമിനലുകളായ തെണ്ടിക്കൂട്ടങ്ങളും ഭയലേശമന്യേ വെട്ടി വിലസുന്ന ഈ ഭൂഗോളത്തില്‍ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ചൂഷണം ചെയ്ത് അതിലൂടെ സഹജീവികളെ എങ്ങിനെയൊക്കെ വഞ്ചിക്കാം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്‌ എടുത്തവരും ഇനിയും ഗവേഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുന്നവരുമായ കുറേ പണ്ടാറക്കാലന്മാരുണ്ട്, തൊണ്ണൂറ്റി ഒമ്പതെ മുക്കാല്‍ അരക്കാല് ശതമാനം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കരുക്കള്‍ നീക്കി മനുഷ്യരെ കരുതിക്കൂട്ടി പറ്റിക്കാനായി തക്കം പാത്തിരിക്കുകയാണ് ഈ കൊണാപ്പന്മാര്‍.. 
  മെയിലായും, എസ് എം എസ്സായും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ സൈറ്റുകള്‍ വഴിയും ഇത്തരം ഒരു പാട് ചൂണ്ടകളും കോര് വലകളും നമ്മെ കെണിയിലാക്കാനെത്തുന്നുണ്ട് , എന്തൊക്കെ പ്രലോഭാനങ്ങള്‍ ഉണ്ടായാലും മനസ്സ് ഒരല്‍പം പോലും ചഞ്ചലപ്പെടാതിരിക്കാനും  ഒരു കാലണ പോലും നമുക്ക് നഷടപ്പെടാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഒരു എളിയ മുന്നറിയിപ്പ്‌ എന്റേതായി,  അത്ര തന്നെ..

0 അഭിപ്രായ(ങ്ങള്‍):

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..