ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

April 28, 2010

ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..

                 
പള്ളിപ്പടിയിലെ കുമാരേട്ടന്‍റെ ചായക്കട, മകരമാസത്തിലെ ഒരു കുളിരുള്ള പ്രഭാതത്തിന്‍റെ തുടക്കം..
കടയുടെ പുറത്തെ നീളന്‍ വാരാന്തയുടെ ഒരറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ബീഡിവലിക്കുന്ന അണ്ണാച്ചി ശെല്‍വന്‍റെ കയ്യില്‍ നിന്നും ഒരു ബീഡി കടംവാങ്ങി കൊളുത്തികൊണ്ട് ഞാന്‍ കടക്കുള്ളിലേക്ക് നീങ്ങി, അവിടെ സ്ഥലത്തെ പ്രധാന ബുജിയും കടുത്ത കമ്മ്യൂണിസ്റ്റുഅനുഭാവിയുമായ കോരന്‍മകന്‍മുരളി എന്ന കോമു (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് പേരില്‍ ഒരു ബുജി ടച്ച് കിട്ടാനായി 'കോമു'), മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി തുടങ്ങിയ പതിവുപറ്റുപടികാരെല്ലാം അവരവരുടെ പതിവ് ഇരിപ്പിടങ്ങളില്‍ഹാജരുണ്ട്, കുമാരേട്ടന്‍റെ ഭാര്യ രുക്മിണിചേച്ചിയും മകള്‍പ്രഭാവതിയും അടുക്കളയിലും കുമാരേട്ടന്‍ചായ അടിച്ചുകൊണ്ട് സമാവറിന്നരികിലും പണിതിരക്കിലാണ്, കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച കൊയാജിയുടെ കാലില്‍ മുട്ടിയുരുമ്മിനിന്നു കൊണ്ട് പല്ലില്ലാത്തതിനാല്‍ പപ്പടവട മോണകൊണ്ട് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ അതിനൊപ്പം ഇളകുന്ന അയാളുടെ വായിലേക്ക് നോക്കി


 ഇടയ്ക്കിടെ മ്യാവു എന്നു കരഞ്ഞുകൊണ്ടിരുന്നു, വേലുമൂപ്പന്‍റെ കറുമ്പന്‍പട്ടി കടയുടെ കാവല്‍കാരനെ പോലെ വാതിലിന്നരികില്‍കിടപ്പുണ്ട്. ഈ സമയത്താണ് മീന്‍കാരന്‍ കുഞ്ഞോനുട്ടി പടിഞ്ഞാറേ റോഡില്‍ നിന്നും മീന്‍കൊട്ട ഏന്തിയ സൈക്കിളു തള്ളി ചാള.. ചാളെ..എന്ന് ഇടയ്ക്കിടെ വിളിച്ചുപറയുകയും അതിന്നിടയില്‍ നീട്ടിക്കൂവുകയും ചെയ്തുകൊണ്ട് അങ്ങോട്ടുവന്നുകയറിയത്, കുഞ്ഞോനുട്ടിയുടെ തലവെട്ടം കണ്ടതും അതുവരെ തന്നെ മൈന്‍ഡ്‌ ചെയ്യാതിരുന്ന കൊയാജിയെ പോടാപുല്ലേ എന്നമട്ടില്‍ ഒന്നുനോക്കി കുമാരേട്ടന്‍റെ പൂച്ച, പിന്നെ ഒരൊറ്റ ഓട്ടത്തിന് കുഞ്ഞോനുട്ടിയുടെ കാല്‍കലെത്തി മുട്ടിഉരുമ്മാനും പൂര്‍വാധികം ശബ്ദത്തില്‍ കരയാനും തുടങ്ങി.

പത്രത്തിലേക്ക് തലയും കുത്തിക്കിടന്ന കോമു ഇടക്കിടെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി ആഞ്ഞുവലിച്ചു പുകയെടുക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു, അതിന്നിടയില്‍ എന്തോ ഓര്‍ത്തപോലെ തലയുയര്‍ത്തി അടുത്തിരുന്ന് ചൂട്കട്ടന്‍ചായ ഊതിക്കുടിക്കുന്ന വാസുവിനെ ഒന്ന് നോക്കി പിന്നെ പത്രവാര്‍ത്ത വിലയിരുത്തുംപോലെ സ്വയമെന്നോണം പറഞ്ഞു :

"ആര് എന്തൊക്കെ പറഞ്ഞാലും ഡാര്‍വിന്‍റെ സിദ്ധാന്തം തിരുത്തിക്കുറിക്കാനൊന്നും ആര്‍ക്കും പറ്റുമെന്നെനിക്ക് തോന്നുന്നില്ല..! ചരിത്രപുരോഗതികള്‍ ഒന്നൊന്നായി വിലയിരുത്തുമ്പോഴും നമ്മുടെ ഓള്‍ഡ്‌ ജനറേഷന്‍ വാനരഗണത്തില്‍നിന്ന് തന്നെയെന്നു ഉറപ്പിച്ചുപറയാനാവുന്നതല്ലേ.."

നാട്ടിലെ മറ്റൊരു കമ്മ്യുണിസ്റ്റുപ്രവര്‍ത്തകനാണ് വാസു എങ്കിലും വലിയ വലിയ ബഡായികള്‍ വെള്ളം കൂട്ടാതെ വിടുമെന്നല്ലാതെ ഇമ്മാതിരിയുള്ള ലോക പരിജ്ഞാനത്തിന്‍റെ കാര്യത്തില്‍ ആളോരല്‍പം പിറകിലാണ് അതുകൊണ്ടാണെന്ന് തോന്നുന്നു കോമു പറഞ്ഞത് മൈന്‍ഡ്‌ ചെയ്യാതെ അവന്‍ തന്‍റെ കട്ടനിലേക്ക് തന്നെ ശ്രദ്ധതിരിച്ചത്.
വായിലിട്ട് തൊണ്ണകൊണ്ട് അമര്‍ത്തി കഷ്ടപ്പെട്ട് കുതിര്‍ത്തു ഒരു പരുവമാക്കികൊണ്ടിരുന്ന പപ്പടവടയുടെ കാര്യം മറന്ന് കോയാജി കോമു പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാവാതെ അവനെതന്നെ ഉറ്റുനോക്കി വായുംപോളിച്ചിരുന്നുപോയി.
താനറിയാതെ ഇന്നാട്ടില്‍ അങ്ങിനെ ഒരു സംഭവോ! കൊയാജിയുടെ ആകാംക്ഷ പത്തിവിടര്‍ത്തി.
"കാര്യം എന്താച്ചാ മനുഷേര്‍ക്ക് മനസ്സിലാവണമാതിരി പറയെന്‍റെ ചെക്കാ.." കൊയാജി ബെഞ്ചിലൂടെ ചന്തി നിരക്കി കോമുവിന്നരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു.

"അതിപ്പോ നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല എന്‍റെ ഹാജ്യെരെ.,ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്തത്തെപറ്റി പറഞ്ഞതാ..' കോമു ഒഴിവു കഴിവ് പറഞ്ഞ് കോയാജിയില്‍ നിന്നും മെല്ലെ തടിയൂരാന്‍ നോക്കി, അല്ലാത്ത പക്ഷം ഡാര്‍വിന്‍റെ മുതുമുത്തച്ഛന്‍റെ ജനനം തൊട്ട് ഇങ്ങോട്ടു ഇപ്പോള്‍ നിലവില്‍ ഡാര്‍വിന്‍റെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നു വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു .
"ഹേയ്..അതെന്ത്ഹലാക്കാന്ന്..മനസ്സിലാവാണ്ടിരിക്കാന്‍! അങ്ങനേംണ്ടാ ഒരു കാര്യം? യ്യ് പറേടോ..ഞമ്മക്ക് മന്‍സ്സലാവോന്നു നോക്കാലോ!"
കൊയാജി അല്‍പംകൂടി നിരങ്ങി നീങ്ങി കോമുവിന്‍റെ മേലുള്ള പിടി മുറുക്കി , മേലും കീഴും നോക്കാതെ ഒരു വാര്‍ത്തയെകുറിച്ച് പറഞ്ഞൊരു അഭിപ്രായം വല്യൊരു ഊരാംകുടുക്കായല്ലോ എന്നൊരു ദയനീയഭാവത്തില്‍ ഇരുന്ന കോമുവിനെ തല്‍കാലത്തേക്ക് രക്ഷപ്പെടുത്തികൊണ്ടാണ് മറിയ മകന്‍ ജോസൂട്ടി ആ വിഷയത്തിലേക്ക് ഇടപെട്ട് സംസാരം തുടങ്ങിയത്, അയാള്‍ ഒരു കറകളഞ്ഞ സത്യക്രിസ്ത്യാനിയും തികഞ്ഞ ഈശ്വരവിശ്വാസിയുമാണെന്ന കാര്യത്തില്‍ ആ നാട്ടില്‍ രണ്ടുപക്ഷക്കാര്‍ ഇല്ല.

" ദൈവവിശ്വാസമില്ലാത്തവരുടെ ഓരോരോ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്നേഹിതാ..ആദവും ഹവ്വയും തന്നെ നമ്മുടെ പൂര്‍വികര്‍ എന്ന വിശ്വാസത്തിലേക്കു ഇപ്പോള്‍ ലോകം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ. മനുഷ്യജീനുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അതാണല്ലോ ശെരിവെക്കുന്നത്..!"

ജോസൂട്ടി കൂടി ആ വിഷയത്തിലേക്ക് എത്തിയതോടെ കോമു ഉഷാറായി, തന്‍റെ മുറിവിജ്ഞാനശകലങ്ങള്മായി വാസുവും; വായ്താരികളുമായി കോടാലിയും അതില്‍ പങ്കാളിയായതോടെ അന്നത്തെ ചായക്കടചര്‍ച്ച ചൂടുപിടിച്ചു..മൌനത്തില്‍ മുറുകെ പിടിച്ച ഒരു വിദ്വാനായി എല്ലാം കേട്ടും കണ്ടും ഞാനും, ആ വിഷയത്തെ കുറിച്ച് ആദ്യാക്ഷരി പോലും അറിഞ്ഞുകൂടാത്ത ഓസാന്‍ ബീരാനും മൂകസാക്ഷികളായി ഇരുന്നു. ഓരോരുത്തരും തന്താങ്ങളുടെ വാദഗതികള്‍സ്ഥാപിച്ചെടുക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു, സംഗതി അങ്ങനെ ബഹുജോറായി തുടരവേ കോയാജിക്ക് കാര്യങ്ങളുടെ ഒരേകദേശരൂപം പിടികിട്ടികഴിഞ്ഞിരുന്നു. അങ്ങിനെ ഒരര മണിക്കൂറോളം സാധാരണ പോലെ എവിടെയും എത്താതെ നീങ്ങിയ ആ ചര്‍ച്ചവേളക്കൊടുവില്‍ കൊയാജി തനിക്ക് ആ സംവാദത്തില്‍നിന്നും മനസ്സിലാക്കാനായ കാര്യങ്ങള്‍ സംശയ നിവാരണം ചെയ്യാന്‍ തയ്യാറായി .

" ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! " കൊയാജി അത്രയും പറഞ്ഞുനിറുത്തി ചോദ്യഭാവത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.
ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി, കാരണം ഞാനും ഒരു കമ്മ്യൂണിസ്റ്റ്ആണെന്നൊരു സംസാരം നാട്ടില്‍പ്രചാരത്തിലുണ്ട്, ഒരുനിലക്കു നോക്കുമ്പോള്‍സംഗതിയില്‍സത്യമില്ലാതില്ല , അത് ഓര്‍ത്തുകൊണ്ട്തന്നെ കൊയാജിയെ നോക്കി ഞാനൊരു വളിച്ച ചിരി പാസ്സാക്കി, പിന്നെ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിന്നിടയില്‍ ഞാന്‍പറഞ്ഞു:

" നിങ്ങള്ടെ കാര്യത്തില്‍ഡാര്‍വിന്‍റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെന്‍റെ വിശ്വാസം.. പക്ഷേ, ഞാനൊരു കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെങ്കിലും തികഞ്ഞൊരു ദൈവവിശ്വാസിയും കൂടി ആണേ ഹാജ്യാരെ....!"


കൊയാജിയുടെ തിരുമണ്ടയില്‍ ട്യൂബ് ലൈറ്റ്‌ മിന്നിതുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ, അത് കത്തിതെളിഞ്ഞാലുള്ള പ്രതികരണത്തിന്‍റെ നിലവാരമറിയാന്‍കാത്തുനില്‍കാതെ ഞാന്‍പെട്ടെന്ന് തന്നെ വീട്ടിലേക്ക് വെച്ചുപിടിച്ചു.

2 അഭിപ്രായ(ങ്ങള്‍):

umar said...

its so funny.........

and i think it will be a better combination with the evening coffee

sameer said...

സിദ്ദിക്കാ.. ഇത് ഇങ്ങളുടെ പുതിയ സ്റ്റോക്ക്‌ തന്നെയാണോ ?
അല്ലാ പണ്ട് സുനേന പുറത്തിറക്കിയ "സ്മരണിക" യുടെയോ മറ്റോ താളുകളില്‍ വന്നുപോയ ഇങ്ങളുടെയ് തന്നേയ് ഒരു ഓര്മ..
കുറച്ചു സമയം നമ്മുടെ തൊഴിയൂരും സെന്റ്രെരുമൊക്കെ മനസ്സില്‍ കൊണ്ട് വന്നതിനു അഭിനന്ദനങ്ങള്‍

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..