ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

March 25, 2012

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. അന്ന് ഞങ്ങള്‍ അതായത് ഞാനും സുനില്‍ പെരുമ്പാവൂരും, ഗ്രാമീണം ഷക്കീര്‍ ഭായിയുടെ വണ്ടിയിലായിരുന്നു യാത്ര, കൂടെ ദുബായില്‍ നിന്നും അടുത്ത ദിവസം ഖത്തറില്‍ വിസിറ്റിംഗിനായി എത്തിയ നമ്മുടെ "കൈതമുള്ള്" ബ്ലോഗര്‍  ശശിയേട്ടന്റെ മകന്‍  പ്രശോഭുമുണ്ടായിരുന്നു  (മലയാളമറിയാത്ത കേരളീയന്‍ " - (ഞാന്‍ പറഞ്ഞതല്ല , അങ്ങോരെ പരിചയപ്പെടുത്തിക്കൊണ്ട് സുനില്‍ പറഞ്ഞതാണ്)


പരിചയമില്ലാത്ത വഴിയും എണ്‍പതില്‍ കൂടുതല്‍ സ്പീഡ്‌ എടുത്താല്‍ പാര്‍ട്സുകളുടെ പഞ്ചവാദ്യം കൂടാതെ ബോണറ്റിനുള്ളില്‍നിന്നും ഒരു ദീനവിലാപവും കൂടി കേട്ടിരുന്ന വണ്ടിയും ആയതിനാല്‍ യാത്രയുടെ തുടക്കം മുതലേ വഴിതെറ്റല്‍ എന്ന പ്രക്രിയ മുറക്ക് നടന്നു വന്നു,   മൊബൈല്‍  വഴിയുള്ള ആശയവിനിമയങ്ങളിലൂടെ ഒരു വിധം ആദ്യത്തെ ലക്ഷ്യസ്ഥാനത്ത് (വജ്ബ പെട്രോള്‍ സ്റ്റേഷന്‍) കൂടുതല്‍ കെട്ടിത്തിരിച്ചലില്ലാതെ എത്താനായി എന്നത് ഭാഗ്യം, അവിടെ കാത്തുകെട്ടിക്കിടന്ന ഫാമിലിക്കാരും വിത്തൌട്ട് ഫാമിലിക്കാരുമായ പത്തറുപത് പെരോളമുള്ള കൂട്ടരെയുംകൂട്ടി കൂടുതല്‍ വൈകാതെ അവിടെനിന്ന്‌ പുറപ്പെട്ടെങ്കിലും ഞങ്ങളുടെ കാര്യം പഴയതിനേക്കാള്‍ കഷ്ടമായിരുന്നു, വണ്ടിക്കു ചൂട് കൂടുംതോറും സ്പീഡ്‌ കുറഞ്ഞുവന്നു; പഞ്ചവാദ്യം കൂടാതെ തായമ്പകയും പക്കാമേളവും കൂടി കേള്‍ക്കാന്‍ തുടങ്ങി , പിന്നെ സുനിലിന്‍റെ നാവ് നല്ലൊരു വജ്രായുധംആയതിനാല്‍ മുമ്പേ പോയവര്‍ക്ക് നേരെ അതിന്റെ പ്രയോഗം നടത്തി  "നിങ്ങളെന്താ റേസിന് വന്നതാണോ! ഇതെന്താ  മത്സര റാലിയാണോ?" എന്നൊക്കെ ചോദിച്ച് ചൂടായി വഴിയില്‍ ഇടയ്ക്കിടെ വിളിച്ചുനിര്‍ത്തി ഒരു വിധം ഞങ്ങളും  ദുക്കാനില്‍  എത്തിച്ചേര്‍ന്നു.അവിടെവെച്ചാണ് സൈഫുദ്ദീന്‍ എന്ന ആതിഥേയനെ ആദ്യമായി കാണുന്നത്, ഞാന്‍ പേര് പറയുമ്പോഴേക്കും തൊഴിയൂരാക്കയല്ലെ എന്ന് ചോദിച്ചു കെട്ടിപ്പിടിച്ച ആ സൌഹൃദത്തിനും ഓര്‍മ്മശക്തിക്കും മുന്നില്‍ ഞാന്‍ നമിക്കുന്നു. അനസ് ഭായ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  പറഞ്ഞതുപോലെ നാട്യങ്ങളറിയാത്ത ഒരു തനി നാട്ടുമ്പുറത്തുകാരന്‍ , ചില വ്യക്തിത്വങ്ങള്‍ അങ്ങിനെയാണ് ഒരൊറ്റകൂടിക്കാഴ്ചകൊണ്ട്  ഹൃദയത്തില്‍ പറ്റിപ്പിടിച്ചുപോകും , ഇനി ഒരിക്കലും മായ്ക്കപ്പെടാനാവാത്തത്ര ശക്തമായി..സൈഫുഭായിയുടെ വീട്ടില്‍ വെച്ചാണ് പെരുമ്പാവൂര്‍ ഏലിയാസ്‌ അച്ചായനെ പരിചയപ്പെടുന്നത്, അതും മേല്‍പറഞ്ഞപോലെ പറ്റിപ്പിടിക്കുന്ന ഒന്ന് തന്നെ , സാരസ്യം തിങ്ങിവിങ്ങിവീര്‍ത്ത മുഖം ,വാക്കിലും നോക്കിലും ചലനങ്ങളില്‍ പോലും ഹാസ്യരസം തുളുമ്പിനില്‍ക്കുന്ന പ്രകൃതം, കുട്ടികളോടൊപ്പം ആടിയും പാടിയും അരങ്ങുതകര്‍ത്തുകളഞ്ഞു ആശാന്‍, കൂടാതെ ഞാന്‍ ബ്ലോഗേര്സ് മീറ്റില്‍ പ്രതിപാദിച്ച ജലീല്‍ക്ക ആന്‍ഡ്‌ ഫാമിലി  ബ്ലോഗേര്‍സ് ഗ്രൂപ്പും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,  ഈ യാത്രയുടെ കണ്ട്രോള്‍ മൂപ്പരുടെ കയ്യിലായിരുന്നു എന്നുതന്നെ പറയാം. "കുട്ടികളാരും കാലാട്ടരുത് മൈക്ക ആടണുണ്ട് " എന്ന്പറഞ്ഞതു പോലെ പല പല നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി എല്ലായിടത്തും അദ്ദേഹം ഓടിച്ചാടി നടന്നിരുന്നു...കൂടുതലെന്തിനു പറയുന്നു "മൈക്കോമാനിയ" പിടിപെട്ട മൂന്നുപേരില്‍ പ്രധാനി ജലീല്‍ക്ക തന്നെയായിരുന്നു .അന്‍വര്‍ ബാബു ,ഷിറാസ് സിതാര , ഗ്രാമീണം ഷക്കീര്‍ഭായ്, ബിജുകുമാര്‍ ,ജിദു ജോസ്‌, കലാം  തുടങ്ങിയ ഫോട്ടോഗ്രാഫി രംഗത്തെ സിംഹങ്ങളും പുലികളും  ഉള്‍പ്പെട്ട വല്യൊരു ഗ്രൂപ്പ്‌ തന്നെ യാത്രാകൂട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്  യാത്രയുടെ ഒരുപാട് വ്യത്യസ്തതകള്‌ള്ള ഫോട്ടോകള്‍ പ്രതീക്ഷിച്ചിരുന്നു, ഇപ്പോള്‍ വിവിധ ബ്ലോഗ്‌ പോസ്റ്റുകളിലൂടെയും ഫേസ്ബുക്ക് ക്യു-മലയാളം ഗ്രൂപ്പിലൂടെയും ഓരോരുത്തരും മത്സരിച്ചു പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തായില്ല എന്ന് മനസ്സിലാകുന്നു.


അവിടെ നിന്നുള്ള ഈറ്റിന്റെയും നൃത്തനൃത്യങ്ങളുടെയും യാത്രകളുടെയും മറ്റും വിശദമായ പോസ്റ്റുകള്‍ ഇതിനകം  വന്നു കഴിഞ്ഞതിനാല്‍ അതേകുറിച്ച് കൂടുതലൊന്നും പറയേണ്ടതുണ്ടെന്നുതോന്നുന്നില്ല, ഓരോരുത്തരുടെ വിശദമായ എഴുത്തുകളിലൂടെ  അവിടെ ഒരു മൂന്നാലുവട്ടം പോയിവന്നപോലെ തോന്നുന്നുണ്ട്,  ഭാവി ബ്ലോഗേര്‍സായ കൊച്ചു മക്കള്‍ അവതരിപ്പിച്ച ഗാനങ്ങളും കവിതകളും കഥകളും എല്ലാവരും ശെരിക്കും ആസ്വദിച്ചു എന്നത് അടിവരയിട്ടു പറയേണ്ട ഒരു കാര്യമാണ്, അത്ര മാത്രം..

ദുക്കാനില്‍ നിന്നും സെക്ക്രീത്തിലേക്ക് സൈഫുഭായിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ട ഉടനെതന്നെ ഞങ്ങള്‍ക്ക് ചെറുതായൊന്നു വഴി തെറ്റിയെങ്കിലും സുനിലിന്റെ വജ്രായുധപ്രയോഗം അവിടെയും ഫലം കണ്ടു, പിന്നെ മെയിന്‍ റോഡുവിട്ടു മരുഭൂമിയിലൂടെ പത്തിരുപതു കിലോമീറ്ററോളം ലക്ഷ്യസ്ഥാനത്തേക്ക് ദൂരമുള്ള ഓഫ്‌റോഡിലേക്ക് കേറിയപ്പോള്‍ തൃശൂര്‍ പൂരത്തില്‍ നിന്നും പാവറട്ടി പള്ളിപ്പെരുന്നാളിലേക്ക് എത്തിയ പോലെയായി വണ്ടിക്കുള്ളില്‍നിന്നുള്ള ശബ്ദങ്ങള്‍ ..സംശയിക്കണ്ട ചെണ്ടമേളങ്ങള്‍  മാറി പകരം ഉച്ചസ്ഥായിയിയിലുള്ള ബാന്‍ഡ്മേളം തന്നെ, കൂടെ കട പട ചട പട എന്ന മൊത്തത്തിലുള്ള കുലുക്കവും കൂടിയായപ്പോള്‍ ഷക്കീര്‍ ഭായ് കാരണം തുറന്നു പറഞ്ഞു  ഒരു കൊല്ലായി വണ്ടി വര്‍ക്ക്ഷോപ്പ് കണ്ടിട്ടെന്നും ഷോ കപ്സര്‍ബറ്‌കള്‍ നാലും പോയിക്കിടക്കുകയാണെന്നുമുള്ള ആ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഹാവൂ രണ്ടു ദിവസത്തിക്കിനി ജോലിക്ക് പോകേണ്ടിവരില്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു കാരണം മറ്റൊന്നുമല്ല ഇത്തവണ നാട്ടില്‍ പോയി തണ്ടലിന്‍റെ നെട്ടുകളും ബോള്‍ട്ടുകളും പത്തുപതിനാലു ദിവസത്തെ ഉഴിച്ചിലിന് കയറ്റി ഒന്ന് മുറുക്കി വന്നതേയുള്ളൂ  അത് ഈ യാത്രകൊണ്ട് വീണ്ടും ലൂസായിക്കോളും എന്നുറപ്പായിരുന്നു.ഓഫ്‌ റോഡിന്റെ തുടക്കത്തില്‍ ചില ചെറുവണ്ടികള്‍ അവിടെ നിറുത്തിയിടേണ്ടിവന്നതുകൊണ്ട് വിത്തൌട്ട് ഫാമിലിക്കാരനായ നാമൂസും ഞങ്ങളുടെ വല്യ വണ്ടിയിലേക്ക് കൂടുമാറി. ആ കടന്നു കയറ്റത്തിന്നുശേഷം ചില ചര്‍ച്ചകള്‍ക്കൊടുവില്‍ വണ്ടിക്കുള്ളില്‍ നിന്നുള്ളത് പിന്നേം സഹിക്കായിരുന്നു എന്ന്പറഞ്ഞതും സുനില്‍ തന്നെ; ഞാനത് ആത്മഗതം ചെയ്തതെയുള്ളൂ, യയാതിയുടെ കഥയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം, അതില്‍ വി.എസ്‌.ഖണ്‌ഡേക്കറും, ശുക്രാചാര്യനും, ദേവയാനിയും, ശർമിഷ്ഠയും, കചനും, നഹുഷരാജാവും, യധുവംശവും, യാദവരും, അസുരന്മാരും, ദേവന്മാരും മറ്റുമായി കഥയ്ക്ക് ഒരുപാടു ട്വിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ ഫിലിം സിറ്റിയില്‍ എത്തി , അതിന്നിടെ  നല്ലൊരു ഫോട്ടോഗ്രാഫറെ ഞങ്ങള്‍ക്ക് നഷ്ടമായി , ബിജുരാജും (ഇസ്ക്ര) കുടുംബവും ജോലിത്തിരക്ക് മൂലം പാതിവഴിയില്‍ നിന്നും തിരിച്ചുപോയി,  ഫിലിം സിറ്റിയില്‍ ഒരൊന്നര മണിക്കൂര്‍ നേരത്തെ കറക്കത്തിനു   ശേഷം പ്രളയഭൂമിയിലേക്കുള്ള യാത്രക്കിടയിലാണ് വണ്ടിയില്‍ വെച്ച്  ആ രഹസ്യം നാമൂസ്‌ ഞങ്ങളോട് വെളിപ്പെടുത്തിയത്   'കുറുമ്പടിയുടെ കേട്യോളും രാമന്റെ സിന്ധുവും പറഞ്ഞ കാര്യം ,മറ്റൊന്നുമല്ല മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എന്തെങ്കിലും  എഴുതണമെന്ന് അവര്‍ രഹസ്യമായി നാമൂസിനോട്  അപേക്ഷിച്ചേത്രേ.' നമ്മള് മനസ്സില്‍ കണ്ടത് അവര്‍ മാനത്തുകണ്ടു എന്ന് ചുരുക്കം.


സെക്രീത്തിലെ വഴുക്കലുള്ള കുന്നിലേക്ക് ഒരു വിധം എല്ലാവരും വലിഞ്ഞു കയറിയെങ്കിലും സെക്രീത്തിലേക്ക് വലിഞ്ഞു കേറിയാല്‍ ചിലപ്പോ *സക്രാത്തിന്റെ വലി ഞാന്‍ വലിക്കേണ്ടി വരുമെന്ന് തോന്നിയതിനാല്‍ ആ സാഹസത്തിനു  നുമ്മ  തയ്യാറായില്ല, കളിയും ചിരിയുമായി അവിടെയും കുറേനേരം, ജീവിതത്തിലെ മറക്കാനാവാത്ത കുറെ നിമിഷങ്ങള്‍ ,
പിന്നെ ചായകുടി കഴിഞ്ഞു നേരെ കടപ്പുറത്തേക്ക്, അവിടെ വെച്ചാണ് സൈഫുഭായ്  ചുട്ട ചിക്കനെ പറപ്പിക്കാനുള്ള ഒരു സ്പെഷല്‍ മസാലക്കൂട്ട് രഹസ്യമായി കുറുമ്പടിക്കും കേട്യോള്‍ക്കും പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കേട്ടത്. അന്ന് ചോര്‍ത്തിയെടുത്ത ആ രഹസ്യം ഞാന്‍ നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തുകയാണ്  'കിവി' എന്ന സാധനം അറിയുമെല്ലോ ! അതിന്റെ പച്ച രണ്ടെണ്ണം നന്നായി  തിരുമ്മിപ്പൊടിച്ച് വെള്ളുള്ളി ഇഞ്ചി എന്നിവ ചതച്ചതും ഉപ്പ്  പാകത്തിനും തൈരില്‍ ചേര്‍ത്ത്  ചിക്കനില്‍ പുരട്ടി മൂന്നുനാല് മണിക്കൂര്‍ വെച്ചശേഷം  അതുമായി സൈഫു ഭായിയെ കാണാന്‍ ചെന്നാല്‍ മൂപ്പര്‍ അത് ചുട്ടുപറത്തികൊടുക്കാമെന്നാണ് വാഗ്ദാനം, അത് കേട്ട് കഴിഞ്ഞപ്പോള്‍  കുറുമ്പടിക്കൊരു സംശയം " ഇത് നമുക്ക് നിങ്ങടെ വീട്ടില്‍ വന്നിട്ട് ഉണ്ടാക്കിയാ പോരെ ! അവിടുന്നൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് ബുദ്ധി മുട്ടേണ്ട വല്ല ആവശ്യവുമുണ്ടോ എന്നതായിരുന്നു ആ ഡൌട്ട് , അതിനുള്ള സൈഫുഭായിയുടെ മറുപടി  എന്തായിരുന്നു എന്നത് കുറുമ്പടിയോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.പിന്നെ മടക്കയാത്രയില്‍ സെക്രീത്തില്‍ നിന്നും കേറിയ പാടെ വന്നവഴിയായ തെക്ക് ഭാഗത്തേക്ക് നീളുന്ന റോഡിലേക്ക് തിരിയുന്നതിനു പകരം വണ്ടി  വടക്കോക്കോട്ടെടുത്തപ്പോള്‍ തന്നെ ഞാന്‍ വഴിതെറ്റിയോ എന്ന് സംശയം പറഞ്ഞതാണ്, നിങ്ങള്‍ വഴിതെറ്റിക്കാണ്ട് മിണ്ടാതിരി കാക്കാ എന്ന് പറഞ്ഞു സുനില്‍ തല്ലിയില്ലെന്നെയുള്ളൂ, എന്നാപിന്നെ വരുന്നെടത്ത് വെച്ചുകാണാമെന്നു ഞാനും വെച്ചു ഒടുവില്‍ ഒരു കിലോമീറ്ററിലേറെ ഓടി വഴിതെറ്റിയെന്നു മനസ്സിലായ ഉടനെ മൂപ്പന്‍ പറഞ്ഞത് നിങ്ങള്‍ക്കൊരു പോസ്റ്റിനുള്ള വകുപ്പായി ഇനിപ്പോ നാളെത്തന്നെ ചെന്ന് അത് പോസ്റ്റിക്കോളീം എന്നാണ്, അതുകൊണ്ട് മാത്രം വഴിതെറ്റിയതോ ഇസ്മായില്‍ ഭായ് ഒപ്പം പിടിച്ചു വന്നു വിവരം പറഞ്ഞതിനാല്‍ സൌദിയിലേക്ക് കേറാതെ മടങ്ങാനായി എന്നതോ ഞാനിവിടെ പ്രതിപാദിക്കുന്നില്ല.

അങ്ങനെ രഹസ്യങ്ങള്‍ എല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞ നിലക്ക് ഇനി അവസാനം പറയാനുള്ളത് അതുതന്നെ , ഉറക്കം ഒഴിവായിപ്പോവും എന്ന കാരണത്താല്‍ ഈ യാത്രയില്‍ നിന്നും മാറിനിന്ന  കിരാതന്മാരെ (രാജന്‍ ജോസഫ്‌, ജിപ്പൂസ്, ചാണ്ടിച്ചന്‍ ,സൂത്രന്‍ ,ഷമീര്‍ .ടി.കെ എന്നിവരെ നിര്‍ബ്ബന്ധമായും ഈ കിരാതലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു)ഇങ്ങക്ക് ഒരു കാലത്തും മാപ്പില്ലാ.മാപ്പില്ലാ..മാപ്പില്ലാ..


നോട്ട് ദി പോയിന്റ്‌ : പല പല കണ്ടീഷനുകളിലുള്ള പത്തു പന്ത്രണ്ടു വണ്ടികള്‍ , യാത്രയില്‍ ഒരു   തടസ്സവും ഉണ്ടാക്കിയില്ല എന്നത് ആശ്വാസകരമാണ് ഞങ്ങളുടെ വണ്ടി കണ്ടീഷന്‍ ഒരല്‍പം മോശമായിരുന്നെങ്കിലും സാധനം പുലിതന്നെയായിരുന്നു കേട്ടാ,ഇപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ അടുത്ത യാത്രയില്‍ നുമ്മേ കയറ്റാന്‍ ആരും തയ്യാറായെന്നുവന്നില്ലെങ്കിലോ, അതോണ്ടാണേ.

1 അഭിപ്രായ(ങ്ങള്‍):

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..