ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

February 28, 2010

ഭൂതം റീ ലോഡഡ്‌..

കടല്‍കരയിലൂടെ അലസമായി നടക്കവേ.. കാലില്‍ തടഞ്ഞ ഒരു കുപ്പി വെറുതെ തട്ടി തെറിപ്പിച്ചതായിരുന്നു , കുപ്പി ഒരു കല്ലില്‍ തട്ടി പൊട്ടിയതും ദേ വരുന്നു പണ്ട് നമ്മുടെ മുക്കുവന്‍ കുപ്പിയിലടച്ചു കടലില്‍ എറിഞ്ഞ അതേ ഭൂതം മുന്നിലേക്ക്.
പഴയ കഥ ഓര്‍മയില്‍ ഉണ്ടായിരുന്നതിനാല്‍ ഭയലേഷമന്യേ ഞാന്‍ ഭൂതത്തിന്‍റെ മുന്നില്‍ നിന്നു.
'യെസ് ബോസ്സ്, എന്നെ മോചിപ്പിച്ച താങ്കള്‍ക്ക് എന്താണ് വേണ്ടത് പറഞ്ഞാലും..' ഭൂതം വിനീത വിധേയനായി.
എന്ത് ചോദിക്കണം? ഞാന്‍ തലപുകച്ചു നിന്നപ്പോഴാണ് ആ ആശയം എന്‍റെ മനസ്സില്‍ ഉദിച്ചത്, സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും ഗള്‍ഫ്‌ നാടുകളിലാണ് ഒരു ഗള്‍ഫ്‌കാരനാവുക എന്ന മോഹവും മനസ്സിലുണ്ട് പലരും പലവട്ടം വിസ വാഗ്ദാനം ചെയ്തെങ്കിലും വിമാനത്തില്‍ കയറുന്ന കാര്യം ഓര്‍ക്കുന്നത് തന്നെ പേടി ആയതിനാല്‍ അതില്‍ നിന്നും പിന്തിരിഞ്ഞു നില്‍കുകയായിരുന്നു.
'പറയൂ ബോസ്സ് പെട്ടെന്നാവട്ടെ..' ഭൂതം തിരക്കുകൂട്ടി, പിന്നെ ഒട്ടും ശങ്കിക്കാതെ ഞാന്‍ കാര്യം പറഞ്ഞു.
'ഇവിടം മുതല്‍ ദുബായ് വരെ കടലിലൂടെ ഒരു റോഡ്‌ പണിത് തരണം..'
എന്‍റെ ആ ആഗ്രഹം കേട്ട് മൊട്ടത്തല ചൊറിഞ്ഞു ഭൂതം ഒരു മാത്ര എന്തോ ആലോചിച്ചു നിന്നു, പിന്നെ തന്‍റെ ഊശാന്‍ താടിയിലൂടെ വിരലോടിച്ചു കൊണ്ട് സന്ദേഹത്തോടെ എന്നെ നോക്കി ' അത്രക്കങ്ങോട്ടുവേണോ ബോസ്സ്? അങ്ങിനെ ഒരു റോഡിന് ഒരു പാട് കല്ലും മണ്ണും കടലില്‍ ഇറക്കേണ്ടിവരും അങ്ങിനെ ആവുമ്പോള്‍ നാട്ടില്‍ അവക്ക് ഭയങ്കര ക്ഷാമം നേരിടുമെന്നുറപ്പാണ്.. അതുകൊണ്ട് മറ്റെന്തെങ്കിലും ആഗ്രഹം..!' ഭൂതം പറഞ്ഞുവന്നത് നിറുത്തി ചോദ്യഭാവത്തില്‍ വീണ്ടും എന്നെ നോക്കി മൊട്ടത്തല ചൊറിഞ്ഞു.

ഭൂതം അപ്പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്കും തോന്നി, ഇപ്പോഴത്തെ പൂഴിയുടെ കാര്യം തന്നെ നോക്കിയാല്‍ മതിയല്ലൊ!
അതുകൊണ്ട് ഞാന്‍ മറ്റൊരു ആഗ്രഹം ഭൂതത്തോട് അവതരിപ്പിച്ചു.
'എങ്കിലൊരുകാര്യം ചെയ്യ്..എന്‍റെ ഭാര്യ എപ്പോഴും സന്തോഷവതിയും സംതൃപ്തയും ആയിരിക്കണം..,അതിനെന്താണ് വേണ്ടതെന്ന് വെച്ചാല്‍ ചെയ്യാന്‍ നോക്ക്.'
'ഹാവൂ..' ഞാനെന്തോ വലിയ മണ്ടത്തരം പറഞ്ഞ ഭാവത്തില്‍ ഭൂതം എന്നെയൊന്നു ഇരുത്തി നോക്കി, പിന്നെ പെട്ടെന്നൊരു ചോദ്യമായിരുന്നു.
'ബോസ്സ് താങ്കള്‍ ഉദ്ദേശിക്കുന്ന റോഡിന് എന്ത് വീതി വേണം? പറഞ്ഞോളു, പണി ഉടനെ തുടങ്ങിയേക്കാം.. ഓ കെ!."

4 അഭിപ്രായ(ങ്ങള്‍):

ഹസ്സന്‍ എ കെ said...

ഭാര്യയുമായി എന്തെങ്കിലും പ്രോബ്ലോംസ്?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇതൊന്ന് അന്വേഷിച്ചിട്ട് തന്നെ കാര്യം.

Fybots said...

full vayichilla............
appozhekum boradichu..................................................enn njan parayunilla bcoz i like ur WRITES

സിദ്ധീക്ക് തൊഴിയൂര്‍ said...

@ മിസ്റ്റര്‍ ഹസ്സന്‍ ..ഇത് വെറുമൊരു കഥയാന്നെ..
@ ഉണ്ണീ ..പാര വേണ്ട..
@ Fybots..
തുറന്ന അഭിപ്രായത്തില്‍ സന്തോഷം , ഇനി ശ്രദ്ധിക്കാം..,നന്ദി

Post a Comment

തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..