ഈ കുണ്ട്രാസത്തിലൊന്ന് ഞെക്കിക്കോളീം..

Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

August 23, 2010

"ഒരോണത്തുമ്പിയുടെ ഓര്‍മ്മക്കായ്‌"

(ഒരു ഓണക്കാലത്ത്  പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ   ഒരു  പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട്  ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ   ജീര്‍ണിച്ച  കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്,  അതോടെ  നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത്‌ ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു.  പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍,  തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!

ചിരിക്കുമ്പോള്‍ മീരചേച്ചിയുടെ കവിളുകളില്‍ വിടര്‍ന്നിരുന്ന നുണക്കുഴികളായിരുന്നു അവന് ഏറെ ഇഷ്ടം..മടിയില്‍ കിടത്തി മൂളിപ്പാട്ട് പാടി ഉറക്കിയിരുന്ന ; ഉണ്ണാന്‍ മടിക്കുമ്പോള്‍ ഇഷ്ട കഥകള്‍ പറഞ്ഞു തന്നു വിസ്മയിപ്പിച്ചിരുന്ന; ആരെന്തു പറഞ്ഞാലും മുത്തുമണികള്‍ ചിതറുംപോലെ ചിരിക്കാന്‍ മാത്രം അറിയാമായിരുന്ന  മീരചേച്ചി..കൊന്നപ്പൂവിന്‍റെ നിറമായിരുന്നു ചേച്ചിക്ക്, പനിനീരിന്‍റെ നൈര്‍മല്യവും സുഗന്ധവും ആയിരുന്നു ചേച്ചിയുടെ ദേഹത്തിന്.
'നിക്കും വേണം ഒരു നുണക്കുഴി..'
ചിരിക്കുമ്പോള്‍ ഭംഗിയോടെ ആ കവിളില്‍ വിരിയുന്ന നുണക്കുഴികള്‍ നോക്കി ഉണ്ണി ശാട്യം പിടിക്കുമായിരുന്നു..
'എന്‍റെ പോന്നുണ്ണിടെ ആശയല്ലേ ..ഇന്നാ ചേച്ചീടെ കവിളീന്നു ഒരെണ്ണം എടുത്തോളൂ..'
മുഖം കുനിച്ചു അവന്‍റെ നെറ്റിയിലൊരു മുത്തം നല്‍കികൊണ്ട് മീര  പറയുമായിരുന്നു..ഉണ്ണി അവളുടെ കവിളില്‍ വെറുതെ തൊട്ടുനോക്കും ..അപ്പോഴും മുത്തുമണികള്‍ വിതറിക്കൊണ്ട് മീര ചേച്ചി ചിരിക്കും.
അത്തം പുലര്‍ന്നാല്‍ മുതല്‍ പിന്നെ വല്യ ഉണര്‍വും ഉത്സാഹവുമായിരുന്നു ഉണ്ണിക്ക്, മീരചേച്ചിയുടെ നീണ്ടു വെളുത്ത വിരല്‍ത്തുമ്പില്‍ തൂങ്ങി പൂക്കള്‍ ശേഖരിക്കാനിറങ്ങും അവന്‍.
തുമ്പയും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയും പിന്നെ പേരറിയാത്ത ഒരു പാട് പൂക്കളും വിടര്‍ന്നു നില്‍ക്കുന്ന തൊടികളിലൂടെ ഒരു പൂത്തുമ്പിയായി പാറി നടന്നിരുന്ന മീര, അവളുടെ നിഴലുപോലെ ഉണ്ണിയും.
പല വര്‍ണ്ണങ്ങളിലുള്ള പുള്ളിചേലകളുടുത്തു ഒരു പൂവില്‍ നിന്നും
മറ്റൊന്നിലേക്ക് പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്ക് പിറകേ അവയെ പിടിക്കാന്‍ പാത്തും പതുങ്ങിയും നടക്കുമ്പോള്‍ സ്നേഹപൂര്‍വ്വം ഉണ്ണിയെ ശാസിച്ചിരുന്നു മീരചേച്ചി..
'ആ മിണ്ടാപ്രാണ്യോളെ ഉപദ്രവിക്കണ്ട ഉണ്ണ്യേ.. പാപം കിട്ടൂട്ടോ..'
അത് കേള്‍ക്കുമ്പോള്‍ ആ ചിത്രശലഭങ്ങളുടെ ചിറകിനേക്കാള്‍ മൃദുലമാണ് ചേച്ചിയുടെ മനസ്സെന്നു അവനു തോന്നിയിരുന്നു..
കോഴിക്കുഞ്ഞിനെ പരുന്തു റാഞ്ചികൊണ്ട് പോയതിനു രണ്ടു ദിവസം കരഞ്ഞോണ്ട് നടന്ന ചേച്ചി, ഓമനയായിരുന്ന കുറുഞ്ഞിപൂച്ചയെ പട്ടിപിടിച്ചതിനും പൂവാലി പശുവിന് ദീനം വന്നു പുല്ലും വയ്ക്കോലും തിന്നാതായത്തിനും ജലപാനം തൊടാതെ കണ്ണീര് വാര്‍ത്തുകൊണ്ട് നടന്ന പാവം ചേച്ചി..
ഉണ്ണിക്കൊരു ദിവസം പനിപിടിച്ചപ്പോള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കുഞ്ഞനുജന്‍റെ സൂക്കേട് മാറാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം കണ്ണീരോടെ പ്രാര്‍ഥിച്ചിരുന്ന സ്നേഹത്തിന്‍റെ നിറകുടമായ മീരചേച്ചി..
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഉണ്ണിയുടെ കണ്മുന്നില്‍ തെളിഞ്ഞു വന്നു..
ഈ ലോകത്തു നിന്നും മീരചേച്ചി വിടചൊല്ലി പിരിഞ്ഞിട്ട് ഇന്നേക്ക് പതിനെട്ടു കൊല്ലം പൂര്‍ത്തിയായിരിക്കുന്നു..
ഉണ്ണി അന്ന് രണ്ടാം തരത്തില്‍ പഠിക്കുകയായിരുന്നു..തിരുവോണ ദിവസം നേരത്തെ കുളിച്ചുതൊഴാന്‍ അമ്പലക്കുളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മീര ചേച്ചി, ഉറക്കച്ചടവോടെ ഉണ്ണിയും പുറകെ ഉണ്ടായിരുന്നു..ശെരിക്കും വെട്ടം വീണിട്ടില്ലായിരുന്നെങ്കിലും കണ്ണുകളടച്ചു പിടിച്ചു പോലും നടക്കാന്‍ മാത്രം പരിചിതമായിരുന്നു ആ വഴിയിലൂടെ രണ്ടു പേരും പോയിക്കൊണ്ടിരിക്കവേയാണ്..അയ്യോ എന്നൊരു നിലവിളിയോടെ മീര നിലത്തിരുന്നത്.
എന്താണ് ചേച്ചിക്ക് സംഭവിച്ചതെന്ന് ഉണ്ണിക്ക് പെട്ടെന്ന് മനസ്സിലായില്ല ,
തന്നെ എന്തോ കടിച്ചുവെന്നു ചേച്ചി പറഞ്ഞതായി ഉണ്ണിക്ക് ഓര്‍മ്മയുണ്ട്..തന്‍റെ പ്രിയപ്പെട്ട മീരചേച്ചിയുടെ പ്രാണനെടുക്കാന്‍ സര്‍പ്പ രൂപത്തില്‍ വന്ന കാലനായിരുന്നു അതെന്നു പിന്നീടാണ് അവന് മനസ്സിലായത്‌.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നീലനിറമാര്‍ന്ന മീരചേച്ചിയുടെ ദേഹം തെക്കെപുറത്തു വെട്ടിയുണ്ടാക്കിയ കുഴിയിലേക്കെടുക്കുമ്പോഴും ഉണ്ണി നിസ്സംഗനായി നോക്കിനില്‍ക്കുകയായിരുന്നു..കാരണം മരണത്തിന്‍റെ ഗൌരവത്തെ അവനന്നു തികച്ചും  ബോധാവാനല്ലയിരുന്നു.
പിന്നെ, മീരചേച്ചിയുടെ ചിരിയുടെ മണികിലുക്കങ്ങളില്ലാത്ത; ആ കാലൊച്ചകളില്ലാത്ത ; ശാസനകളും സാന്ത്വനങ്ങളുമില്ലാത്ത ,ഉപദേശങ്ങളും നിര്‍ദേശങ്ങളുമില്ലാത്ത മൂകത നിറഞ്ഞ ദിനരാത്രങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകവേയാണ്..

തന്‍റെ സന്തോഷവും ശക്തിയും ചിരിയും ചിന്തയും മാത്രമല്ല തന്‍റെ സര്‍വ്വസ്വവുമാണ് ആ ദുര്‍ദിനത്തില്‍ തനിക്ക് നഷ്ട്ടപ്പെട്ടതെന്ന് ഉണ്ണിക്ക് ബോധ്യമായത്..
ഇന്ന്!  ചിരകാല ദുഃഖത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഓണങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു..എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവോണ നാളുകള്‍ ഉണ്ണിക്ക് വേര്‍പിരിയാത്ത വേദനകളുടെ ദിനമായി മാറിയിരിക്കുന്നുവെന്ന് സ്വര്‍ഗത്തിലിരിക്കുന്ന അവന്‍റെ മീരചേച്ചി അറിയുന്നുണ്ടോ ആവോ?
അറിയുന്നുണ്ടായിരിക്കണം...! അതുകൊണ്ടായിരിക്കുമെല്ലോ ഇന്നലെ രാത്രിയും മീര അവന്‍റെ അരികില്‍ വന്ന്‌ ഒരു സ്വാന്തനം പോലെ മുടിയിഴകളെ തഴുകിയത്..നാളെ തിരുവോണമായിട്ടും എന്‍റെ ഉണ്ണിക്കെന്താ ഒരു സന്തോഷമില്ലാത്തതെന്നു ചോദിച്ചത്.
" ഉണ്ണീ ..വാ..ഊണ് വിളമ്പിവെച്ചിരിക്കുന്നു.."
അമ്മയുടെ വിളിയാണ് ഉണ്ണിയെ ഗതകാല സ്മൃതികളില്‍ നിന്നും നിന്നും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചത്..
തിണ്ണയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് മിഴികള്‍ നിറഞ്ഞുതുളുമ്പിയിരിക്കുന്ന കാര്യം ഉണ്ണി അറിഞ്ഞത്.
അകത്തേക്ക് കടക്കുന്നതിനു മുമ്പേ വീണ്ടും മീരചേച്ചിയുടെ കുഴിമാടത്തിലേക്ക് ഉണ്ണി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി .
'എന്‍റെ പ്രിയപ്പെട്ട ചേച്ചീ..ചേച്ചിയില്ലാത്ത ഒരോണസദ്യ കൂടി ഈ ഉണ്ണി തനിയേ...'
മനം നിറയെ വിങ്ങലോടെ മൌനാനുവാദം വാങ്ങി വാതില്‍പ്പടി കടക്കുമ്പോള്‍ മിറ്റത്തുനിന്നും ആ ചിരി കേള്‍ക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി..മുത്തുമണികള്‍ ചിതറി വീഴും പോലെയുള്ള ആ ചിരി.


May 20, 2010

അത്യന്താപേക്ഷിതമായ മൗനം.


(ഈ കഥ വാരാദ്യ മാധ്യമത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ് , ഒരു പുനര്‍ വായനക്ക് ചേര്‍ന്നതെന്ന നിലക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു , മുമ്പ് വായിച്ചവര്‍ ക്ഷമിക്കുക , ഒറിജിനല്‍ താഴെ ചേര്‍ത്തിട്ടുണ്ട് .)
 ഓഫീസില്‍നിന്ന്‌ ഇറങ്ങുമ്പോഴേ പതിവുള്ള തലവേദന രാമനാഥനെ പിടികൂടിക്കഴിഞ്ഞിരുന്നു.
സിമന്‍റ് അടര്‍ന്നു പൊട്ടിപ്പൊളിഞ്ഞ നീളന്‍ വാരാന്ത പിന്നിട്ടു പൂപ്പല്‍ പിടിച്ച് കറുത്ത പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രാമനാഥന്‍ ചിന്തിച്ചിരുന്നത് ഈ ഓഫീസിനും തനിക്കും മാത്രമാണോ ഇവിടെ മാറ്റങ്ങളിലാത്തത് എന്നായിരുന്നു.
ഓഫീസ് മതിലിനോട് ചേര്‍ത്ത് ചാരിവെച്ചിരുന്ന സ്കൂട്ടര്‍ എടുത്തു ഗെയിറ്റിനപ്പുറത്തെക്ക് തള്ളിനടക്കുന്നതിന്നിടയില്‍ അതിന്‍റെ കേടുവന്ന സ്റ്റാന്‍റെങ്കിലും നാളെ ശെരിയാക്കണമെന്ന വിചാരം എന്നത്തേയും പോലെ അന്നും രാമനാഥനുണ്ടായി.

സ്കൂട്ടര്‍ റോഡ്‌സൈഡിലേക്ക് കയറ്റിനിറുത്തി സീറ്റിലേക്ക് കയറിയിരുന്ന രാമനാഥന്‍ വലതുകാല്‍ നിലത്തൂന്നി സ്കൂട്ടര്‍ കുറച്ചുനേരം ആ ഭാഗത്തേക്ക് ചെരിച്ചുപിടിച്ചശേഷം നേരെ നിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാനുള്ള തീവ്രശ്രമം തുടരവേ ആറാമത്തെ ശ്രമം ലക്ഷ്യം കണ്ട നിമിഷം 'ഹാവൂ' എന്നൊരു ആശ്വാസ ശബ്ദം രാമനാഥനില്‍നിന്നുണ്ടായി.
ആക്സിലേറ്റര്‍ മെല്ലെ തിരിച്ചു സ്കൂട്ടര്‍ റൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ പഴഞ്ചന്‍ ബോഡിക്കൊപ്പം രാമനാഥനും ചെറിയ വിറയല്‍ അനുഭവപ്പെട്ടു, സൈലന്സറിനുള്ളില്‍ നിന്നുമുള്ള സാധാരണ പൊട്ടലിനും ചീറ്റ്ലിനും പുറമേ എന്തൊക്കെയോ വേര്‍പെട്ട്കിലുങ്ങുന്ന അസഹ്യമായ ശബ്ദവും കൂടി കേള്‍ക്കാന്‍ തുടങ്ങിയ നിമിഷങ്ങളിലൊന്നിലാണ് അയാള്‍ ഭാര്യ സുജാതയെകുറിച്ചോര്‍ത്തത്.  ആ ഓര്‍മ്മയാണോ അതല്ല സ്കൂട്ടറിന്‍റെ ശബ്ദമാണോ തലവേദനയുടെ കാഠിന്യം കൂട്ടിയതെന്നൊന്നും വേര്‍തിരിച്ചെടുക്കാന്‍ സമയം പാഴാക്കാതെ നാലുദിവസങ്ങളിലായി സുജാത ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഫേസ്ക്രീമിന്‍റെ പേരെഴുതിയ തുണ്ട് പോക്കറ്റില്‍തന്നെയുണ്ടെന്നു ഉറപ്പുവരുത്തുകയാണ് രാമനാഥന്‍ ചെയ്തത്.
ലളിതമായ തവണവ്യവസ്ഥയില്‍ ഒരു ടെലിവിഷന്‍ സ്വന്തമാക്കുക എന്ന് പരസ്യം ചെയ്ത ഷോപ്പുകാരനെയും ടിവി പരസ്യങ്ങളിലൂടെ സ്ത്രീ മനസ്സുകളെ മായാവലയത്തിലാക്കുന്ന സകലമാന കമ്പനികളെയും മനസ്സാ ശപിക്കാനും രാമനാഥന്‍ മറന്നില്ല.
ടിവി വീട്ടിലെത്തിയതിന്‍റെ നാലാംപക്കം മുതലാണ്‌ സുജാതയില്‍ ഈ നവസൌന്ദര്യബോധം ഉടലെടുക്കാന്‍ തുടങ്ങിയത്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ തന്നെക്കാള്‍ ശുഷ്കാന്തി കാട്ടിയിരുന്നവളാണ്, പക്ഷെ ഇന്നവളില്‍ ഒരുപാടുമാറ്റം കാണുന്നു. കാച്ചെണ്ണയുടെ ആസ്വാദ്യഗന്ധവുമായി തുമ്പ്കെട്ടി ഇട്ടിരുന്ന ആ മുടിയിഴകള്‍ ഇപ്പോള്‍ ശ്വസിച്ചുമടുത്ത ഷാമ്പൂഗന്ധവുമായി പാറിപ്പറക്കുകയാണ്. കാക്ക എത്ര സോപ്പിട്ട് കുളിച്ചാലും കൊക്കാകില്ല എന്ന വിചാരം പെണ്ണായിപ്പിറന്ന ഒറ്റയൊന്നിനും ഇല്ലാതെപോയതെന്തുകൊണ്ടായിരിക്കും..!

( ഈ കഥക്ക് വേണ്ടി സഗീര്‍ വരച്ച ചിത്രം )
ഈ വിധ ചിന്തകള്‍ തലക്കുള്ളില്‍ കിടന്ന് വട്ടത്തില്‍ കറങ്ങുമ്പോള്‍ നഗരത്തിന്‍റെ മാറ്പിളര്‍ന്നു നീണ്ടുനിവര്‍ന്നു കിടക്കുന്ന എംജി റോഡിന്‍റെ ഒരരികുപറ്റി സാവധാനം മുമ്പോട്ടുനീങ്ങുകയായിരുന്നു രാമാനാഥന്‍റെ സ്കൂട്ടര്‍. ഗട്ടറുകള്‍ അതീവ ശ്രദ്ധയോടെ ഒഴിവാക്കിയും റോഡ്‌ നിയമങ്ങള്‍ യഥാവിധി പാലിച്ചും കൊണ്ടുള്ള ആ യാത്രയുടെ ലാളിത്യം ജീവിതത്തിലും പുലര്‍ത്തിപ്പോരുന്നവനായിരുന്നു രാമനാഥന്‍. എന്നാല്‍ ഈയ്യിടെയായി ആ ചിട്ടവട്ടങ്ങളുടെ താളം തെറ്റിതുടങ്ങിയെന്നൊരു തോന്നല്‍ അയാളെ മഥിക്കുന്നു. മാസാദ്യത്തില്‍
കിട്ടുന്ന ശമ്പളക്കാശില്‍ നിന്നും  ഒരു
പത്തുരൂപയെങ്കിലും മാസാന്ത്യത്തില്‍  പോക്കറ്റില്‍ബാക്കിവെക്കാന്‍ ശ്രദ്ധിച്ചിരുന്ന രാമനാഥന് രണ്ടു മാസമായി തീയ്യതി രണ്ടക്കത്തിലേക്ക് കടക്കുമ്പോഴേക്കും പോക്കറ്റിലെ ശേഷിപ്പും രണ്ടക്കമായി മാറാന്‍ തുടങ്ങിയതില്‍ അതിയായ വിഷമമുണ്ട്. അനാവശ്യ തലവേദനകള്‍ പരമാവധി ഒഴിവാക്കണമെന്ന മനസ്ഥിതിക്കാരനായതുകൊണ്ട് മാത്രമാണ് രാമനാഥന്‍ വൈക്ലബ്യത്തോടെയാണെങ്കിലും സുഹൃത്തുക്കളുടെ സഹായം പോലും തേടാന്‍ തുടങ്ങിയത്.
സുജാതയുടെ കുറിപ്പടി പ്രകാരമുള്ള ഉല്‍പന്നം മൂന്നാമതുകയറിയ ഷോപ്പിലും സ്റ്റോക്കില്ലെന്ന അറിവിനേക്കാള്‍ രാമാനാഥനെ അസ്വസ്ഥനാക്കിയത് ഓരോ തവണയും സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തെടുക്കാനുള്ള ബദ്ധപ്പാടായിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രമല്ല സാധനം കിട്ടാനില്ലെന്ന് പറഞ്ഞാല്‍ അക്കാര്യം ഒരു കാരണവശാലും സുജാത വിശ്വസിക്കില്ലെന്ന ബോധവും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അവശ്യസാധനത്തെക്കാള്‍ പത്തുരൂപ കൂടുതലുള്ള മറ്റൊരു ഉല്പന്നം ഒടുവില്‍ കയറിയ കടയില്‍നിന്നും രാമനാഥന്‍ വാങ്ങിയത്.
'പരസ്യങ്ങളിലൊന്നും വലിയ കഴമ്പില്ല സാര്‍ അതിനേക്കാള്‍ ക്വാളിറ്റിയും ക്വാണ്ടിറ്റിയും കൂടുതല്‍ ഇതിനുണ്ട്..'
സാധനം ഒരു കവറിലിട്ട് പിന്‍ ചെയ്തു രാമനാഥനെ എല്‍പിക്കുനതിന്നിടയില്‍ പറഞ്ഞുവന്നതിന്‍റെ തുടര്‍ച്ചയെന്നോണം സെയില്‍സ്‌മേന്‍ പറഞ്ഞു.
തന്‍റെ ഈ വാചകങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്ന് എനിക്ക് അറിയാമെടോ എന്നൊരു ഡയലോഗ് അയാളോട് പറയാതെ രാമാനാഥന്‍ മനസ്സില്‍ത്തന്നെ കുഴിച്ചുമൂടാന്‍ കാരണം വാചകങ്ങള്‍ അയാളുടെ തൊഴിലിന്‍റെ ഭാഗമാണല്ലോ എന്ന വിചാരത്താലായിരുന്നു. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സാധനം കൈപറ്റി അയാള്‍ കടയില്‍നിന്നും ഇറങ്ങി.
സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോള്‍ പതിവിനു വിപരീതമായി സുജാത വാരാന്തയിലേക്ക് തിടുക്കപ്പെട്ട് എത്തിയത് രാമനാഥന്‍ ശ്രദ്ധിച്ചു.
സ്കൂട്ടര്‍ വീടിന്‍റെ ഇറയത്തെക്ക് ഉരുട്ടികയറ്റി ചുവരിലേക്ക് മെല്ലെ ചായ്ച്ചുവെച്ചു അതിന്‍റെ സൈഡ് ബോക്സില്‍ നിന്നും ബ്രൌണ്‍ കവര്‍ എടുത്ത് രാമനാഥന്‍ സുജാതയുടെ നേര്‍ക്ക്‌ വെറുതെ ഒന്ന് നോക്കി. അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും കണ്ണുകളില്‍ പ്രത്യേകമായൊരു തിളക്കവും കണ്ടെങ്കിലും നിര്‍വികാരനായാണയാല്‍ വാരാന്തയിലേക്ക് കയറിയത്.
'ഞാന്‍ കാപ്പിയെടുത്തോണ്ട് വരാം..'
രാമാനാഥനില്‍നിന്നും കവര്‍ കൈപറ്റി അകത്തേക്ക് പോകുന്നതിന്നിടയില്‍ സുജാത പറഞ്ഞു.
തലവേദനക്ക് നേരിയൊരു കുറവ് അനുഭവപ്പെട്ട രാമനാഥന്‍ ഒന്ന് മൂരിനിവര്‍ന്നു കുറഞ്ഞൊരു ആലസ്യത്തോടെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു മുന്നില്‍ കിടന്ന ടീപോയിക്കു മേലേക്ക് കാലുകയറ്റിവെക്കാന്‍ തുടങ്ങവേയാണ് അയാളുടെ മടിയിലേക്ക് പൊളിച്ച ബ്രൌണ്‍ കവറോടുകൂടി ഫേസ്ക്രീം ശരവേഗത്തില്‍ വന്നുവീണത്. വാതില്‍പ്പടിയില്‍ കുത്തിവീര്‍ത്ത മുഖവുമായി സുജാതയേയും രാമാനാഥന്‍ കണ്ടു .
'ആര്‍ക്കുവേണം ഈ ചവറുസാധനം..!ഇതു വെണോങ്കില്‍ അപ്പുണ്ണി നായര്‍ടെ മുറുക്കാന്‍ കടേന്ന് ഞാനെന്നേ വാങ്ങിച്ചേനേ..'
സുജാതയുടെ പുച്ഛവും അവജ്ഞയും നിറഞ്ഞ സ്വരം രാമനാഥനെ തളര്‍ത്തി.
'താന്‍ പറഞ്ഞ കടകളിലൊന്നും അതില്ലാത്തതുകൊണ്ടാണിത് വാങ്ങിച്ചതെന്‍റെ സുജേ..മാത്രോമല്ല..അതിനേക്കാള്‍ പത്തുരൂപ..'
രാമനാഥന് പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കാതെ സുജാത കത്തിക്കയറി .
'ഓ..പത്തുലുവേടെ മഹത്വമൊന്നും പറയണ്ട..എന്തായാലും ഐറിന്‍ സക്ലീവയും ഐശ്വര്യാ റായിയും മറ്റും അതുപയോഗിക്കുന്നത് ആ വ്യത്യാസം നോക്കിയൊന്നുമായിരിക്കില്ലല്ലോ..!'
ഭാര്യയുടെ പുത്തന്‍ അറിവുകളില്‍ തെല്ലൊരതിശയം രാമാനാഥനില്‍ ഉളവായെങ്കിലും പൂര്‍വാധികം ശക്തമായി തിരിച്ചെത്തിയ തലവേദനയുടെ പിടിയിലമര്‍ന്ന് നിസ്സംഗതനായി; ചുവരിലേക്ക് ഒരുവശം ചെരിഞ്ഞിരിക്കുന്ന തന്‍റെ സ്കൂട്ടറിലേക്ക് കണ്ണുംനട്ട് അയാളിരുന്നു. കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .
(പോസ്റ്റിന്‍റെ മാധ്യമത്തിലെ ഒറിജിനല്‍)