ഞങ്ങളുടെ തൊഴിയൂര്‍ പാലെമാവ് മഹല്ല് പള്ളിയിലേക്ക് പെരുന്നാള്‍ നമസ്കാരത്തിനായി കൊച്ചുകുട്ടികളും വയോവൃദ്ധരും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം കാണുന്ന ചില പ്രത്യേക മനുഷ്യജീവികളും അടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒറ്റയായും കൂട്ടമായും വന്നെത്തിക്കൊണ്ടിരുന്നു..
അന്നത്തെ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി വലിയൊരു കുളമുണ്ടായിരുന്നു , ആവശ്യക്കാര്‍ക്ക് അംഗശുദ്ധി വരുത്തി പള്ളിയിലേക്ക് കയറാനായി കരിങ്കല്‍ പടവുകളും കൈവഴികളും പള്ളിയുടെ വാതില്‍ വരെ കെട്ടിപ്പൊക്കിയിട്ടുമുണ്ടാരുന്നു..
എപ്പോഴും ഈര്‍പ്പം തട്ടുന്ന ഈ പടവുകളില്‍ നനവും വഴുക്കലും ഒരു ഒഴിയാബാധ പോലെ ആളുകളെ ഇടയ്ക്കിടെ വീഴ്ത്തിക്കൊണ്ടിരുന്നു.
തൊഴിയൂരില്‍ ആയിടെ അടുത്ത ഗ്രാമമായ ഞമനെങ്കാട്ടുനിന്നും വന്നു താമസമാക്കിയ ഒരു കുടുംബത്തിലെ അംഗം അബുക്ക ഖത്തറില്‍ നിന്നും പെരുന്നാള്‍ ആഘോഷത്തിനായി തലേ ദിവസമാണ് നാട്ടിലെത്തിയത് .ഞങ്ങള്‍ക്കെല്ലാം വളരെ സ്നേഹവും ബഹുമാനവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ധേഹം, ആരോടും വളരെ സ്നേഹത്തോടും വാല്സല്യതോടും സംസാരിക്കുകയും ആര്‍ക്കും എന്ത് സഹായവും ചെയ്യുവാന്‍ സന്നദ്ധനുമായിരുന്ന അബുക്ക നല്ലൊരു വ്യകതിത്വതിന്നുടമയായിരുന്നു.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ പരിചയക്കാരെയും ബന്ധുക്കളെയും ഒന്നിച്ചു കാണാം കൂടെ നിസ്കാരവും നടക്കും എന്ന് കരുതി അബുക്കായും അന്ന് നേരത്തെ തന്നെ പള്ളിയില്‍ ഹാജരുണ്ടായിരുന്നു, നല്ല എണ്ണക്കറുപ്പുള്ള മേനിയില്‍ പളപളാ മിന്നുന്ന തൂവെള്ള വസ്ത്രങ്ങളും ബ്രുട്ട് സ്പ്രേയുടെ സുഗന്ധവും റാഡോ വാച്ചും ഒക്കെയായി ആളൊരു ഒന്നൊന്നര ഗള്‍ഫുകാരനായാണ് അവതരിച്ചിട്ടുണ്ടായിരുന്നത്. വന്നപാടെ പടവുകളിലെ വഴുക്കലിനെകുറിച്ച് മനസ്സിലാക്കിയ അബുക്ക കുളത്തിന്നരികില്‍ നിലയുറപ്പിച്ചു ഒരു സന്നദ്ധഭടനെപ്പോലെ കുട്ടികളുടെയും വൃദ്ധരുടെയും കൈപിടിച്ച് കയറ്റിയും മറ്റുള്ളവര്‍ക്ക് "സൂക്ഷിക്കണേ ..വഴുക്കും " എന്ന മുന്നറിയിപ്പ് കൊടുത്തും സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരുന്നു ..
"മോനെ അബ്വോ യ്യിങ്ങോട്ടു കേറിപ്പോര് ഇവടെ നാലഞ്ചു നേരം കേറിയെറങ്ങണോര്‍ക്കൊക്കെ അറിയാം ഇവിടുത്തെ വഴുക്കലിന്‍റെ കാര്യം അല്ലാത്തോന്മാര്‍ ഇനിപ്പോ ഒന്ന് വീണാലും കൊഴപ്പമൊന്നും ഇല്ലന്നേ..."
പള്ളിയുടെ അന്നത്തെ ഖജാന്‍ജിയായിരുന്ന; എല്ലാവര്ക്കും ഒരു കാര്‍ന്നോരായ പരുക്ക (ഞങ്ങളുടെ പരുക്ക ഇന്ന് ജീവിച്ചിരിപ്പില്ല , പരേതന് അള്ളാഹുവിന്‍റെ അനുഗ്രഹം ലഭിക്കാനായി പ്രാര്‍ഥിക്കുന്നു) അത് പറഞ്ഞപ്പോള്‍ എന്നാപിന്നെ അങ്ങിനെ ആയേക്കാമെന്ന് വെച്ച് അപ്പോള്‍ അങ്ങോട്ടെത്തിയ അടുത്ത ഒരു വീട്ടുകാരനോട് വഴുക്കലിന്‍റെ കാര്യം ഓര്‍മ്മിപ്പിച്ച ശേഷം വുള് എടുക്കാന്‍ കുളത്തിലേക്ക് ഇറങ്ങിയതാണ് അബുക്ക ..
ഒരു സുഹൃത്തുമായിസംസാരിച്ചു പള്ളിയുടെ ചരുവില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍..
ഗോള്‍ഡന്‍ സ്ട്രാപ്പുള്ള റാഡോ വാച്ച് കെട്ടിയ ഒരു കറുത്ത കൈ കുളത്തിലേക്ക് താഴ്ന്നുപോകുന്നതാണ് കണ്ടത് ..കൂടെ "പടച്ചോനെ ചതിച്ചോ" എന്നും പറഞ്ഞു തിരക്കിട്ട് പടിക്കെട്ടിറങ്ങുന്ന പരുക്കാനെയും കണ്ടു..
കുളത്തില്‍ ഒന്ന് മുങ്ങിപ്പൊങ്ങിയ അബുക്ക പ്രാണവെപ്രാളത്തോടെ നോക്കിയപ്പോള്‍ കണ്ടത് പരുക്കാടെ നീട്ടിപ്പിടിച്ച കയ്യാണ് മൂപ്പര്‍ മുന്‍ പിന്‍ ആലോചിക്കാതെ അതില്‍ തന്നെ കയറിപ്പിടിച്ചു ..പിന്നെ ഞങ്ങള്‍ കണ്ടത് ഒരു ആര്‍ത്തനാദത്തോടെ അബുക്കാടെ കൂടെ മുങ്ങിപ്പോകുന്ന പരുക്കാനെയാണ് .
ഒടുവില്‍ രണ്ടു പേരെയും ഒരുവിധം തപ്പിയെടുത്തു കരക്കെത്തിച്ചപ്പോഴേക്കും കുളത്തില്‍ വെള്ളം മൂടിക്കിടന്നിരുന്ന ഒരു കരിങ്കല്‍ പടി വെളിയില്‍ കാണാന്‍ തുടങ്ങിയിരുന്നു , അതിനു കാരണം അപ്പോഴത്തെ വേലിയീറക്കമാണോ അതോ ആ വെള്ളം അവരുടെ വയറ്റീ പോയതാണോ എന്ന കാര്യത്തില്‍ കണ്ഫുഷന്‍ ഇപ്പോഴും ബാക്കി തന്നെ.
0 അഭിപ്രായ(ങ്ങള്‍):
Post a Comment
തോന്നുന്നതുപോലെ ഒരു അഭിപ്രായവുമാവാം ..